മണിമുത്ത് - 17


( മരുത്വാമലയുടെ മടിയില്‍ ) 






അവര്‍ മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു.

ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്‍റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാണ് തങ്ങളുടെ യാത്രയെന്നു മാത്രം അവന്‍ അപ്പോള്‍ കരുതി.

അതല്ലാതെ കണ്ണെത്താത്ത ദൂരെ മറ്റൊന്നും കാണുമായിരുന്നില്ല.


ആകാശത്തുനിന്നും ആരോ വെള്ളിവലകള്‍ വീശിയതുപോലെ മൂടല്‍ മഞ്ഞിന്‍റെ വെളുത്ത വിശാലമായ പാളികള്‍ അവരുടെ തലക്കു മുകളിലൂടെ പാറിപ്പറന്നു പൊയ്ക്കൊണ്ടിരുന്നു. 


ഒറ്റയടിപ്പാതയുടെ വശങ്ങളില്‍ മുട്ടിയുരുമ്മി നില്‍ക്കുന്ന കാട്ടുചെടികളില്‍ നിന്നും ഇറ്റുവീഴുന്ന മഞ്ഞുതുള്ളികള്‍ കോച്ചിവലിക്കുന്ന ഒരു തണുപ്പായി കാലുകളില്‍ നിന്നും മേല്‍പ്പോട്ടു കയറി വന്നു.


വെയില്  ഉതിക്കും ബരെ ഈ തണുപ്പ് ണ്ടാകും.. ഇതിലും തണുപ്പുണ്ടാക്കണ കാലം ഒക്കെ ണ്ട്ട്ടോ..അപ്പൊ..കണ്ണൊന്നും കാണാതെ ഒര് നിര്‍ണ്ണയം വച്ചാ.. പോവ്വ്വാ..


അങ്ങിനെ നടക്കുന്നതിനിടയില്‍ മൂപ്പന്‍ പറഞ്ഞു കൊണ്ടിരുന്നു. 


അയാള്‍ ഒരു തുണികൊണ്ട് ചെവിയടച്ചു കെട്ടിയിട്ടുണ്ട്. നീളമുള്ള ഒരു വടിയും കുത്തിപ്പിടിച്ചു പ്രായം തളര്‍ത്താത്ത മെല്ലിച്ച കാലുകളില്‍ വളരെ വേഗത്തിലാണ് ആ നടപ്പ്. 


ഇടക്കിടക്ക് കാണുന്ന ഊടുവഴികള്‍ ചൂണ്ടിക്കാട്ടി ഏതൊക്കെയോ ഊരുകളുടെ പേരുകള്‍ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു. 


ആ കാട്ടിലെ എല്ലാ വഴികളും അയാള്‍ക്ക്‌ കാണാപ്പാഠമാണെന്ന് ആ വാക്കുകളില്‍ നിന്നും അവന് ഊഹിക്കാന്‍ കഴിഞ്ഞു.


അങ്ങിനെ യാത്ര തുടര്‍ന്നുകൊണ്ടിരിക്കെ എപ്പോഴോ പ്രകൃതിക്ക് ഒരു അനക്കമൊക്കെ വച്ചുതുടങ്ങി. കാറ്റുവന്നു മരച്ചില്ലകളെ ഉണര്‍ത്തി. 

എവിടെയൊക്കെയോ ഇരുന്നു ചിലക്കുന്ന ചെറുകിളികളുടെ ലോകമായി അപ്പോള്‍ അവരുടെ വഴിത്താരകള്‍ . 


മൂപ്പന്‍ ചോദിച്ചു: ഇപ്പൊ മഹനു കാടും മലയും കാണാം പറ്റണ് ല്ല്യെ..?


ഉണ്ടെന്ന് അവന്‍ ചിരിച്ചു കൊണ്ടു തലകുലുക്കി.


അങ്ങിനെ നടന്നു കൊണ്ടിരിക്കെത്തന്നെ ആകാശം തെളിയുകയും മൂടല്‍മഞ്ഞിന്‍റെ പാളികള്‍ കാടുകളിലേക്ക് അടരുകയും ചെയ്യുന്ന അതിമനോഹരമായ കാഴ്ച്ചകള്‍ അവന്‍ കണ്ടു.

വന്മരങ്ങളില്‍ നിന്നും മഞ്ഞുതുള്ളികള്‍ ഉതിര്‍ന്നു വീണ് കരിയിലകളില്‍ തട്ടി ചിതറുമ്പോഴുണ്ടാകുന്ന നുനുത്ത ശബ്ദവും കേട്ടു. അതെല്ലാം തിരിച്ചറിയാന്‍ പാകത്തില്‍ അപ്പോള്‍ കാടും നിശ്ശബ്ദമായിരുന്നു.

ചുവപ്പുരാശികള്‍ മാഞ്ഞുപോയ ആകാശത്തു പടര്‍ന്ന വെള്ളി വെളിച്ചത്തില്‍ സൂര്യമുഖം തെളിഞ്ഞു തുടങ്ങിയപ്പോള്‍ തങ്ങളുടെ യാത്ര കിഴക്കു ദിക്കിലേക്കാണെന്ന് അവനു മനസ്സിലായി.

ആ കിഴക്കിലേക്ക് ചൂണ്ടി മൂപ്പന്‍ പറഞ്ഞു:

കുറച്ചു കയിഞ്ഞാല് അബടെ ഞമ്മടെ മല തെളിയും..

അതു സത്യമായിരുന്നു!

അവന്‍ നോക്കിക്കൊണ്ടിരുന്നപ്പോള്‍ മഞ്ഞുമേഘങ്ങളും മാഞ്ഞു പോയി.മുന്നിലപ്പോള്‍ കറുപ്പണിഞ്ഞ ഒരു മലയുടെ തലവാരം കാണാനും കഴിഞ്ഞു.

ആഹ്ലാദിരേകത്താല്‍ കാട്ടുവഴികള്‍പോലും മറന്നു കൊണ്ട് അവന്‍ തെല്ലിട അവിടെത്തന്നെ നിന്നു പോയി. പിന്നെ വൃദ്ധന്‍റെ ഒപ്പമെത്താന്‍ കുതിച്ചു നടക്കുമ്പോള്‍ മനസ്സില്‍ അല്ലാഹുവിനു നന്ദി പറഞ്ഞു.

ആ മലയുടെ മുകളിലേക്കുള്ള ഒരു ചെറിയ ഊടുവഴി തുടങ്ങുന്നയിടമായിരുന്നു അത്.

വൃദ്ധന്‍ അവിടെയെത്തിയപ്പോള്‍ നിന്നു.

അപ്പോഴേക്കും പകലിനു വീണ്ടും തെളിച്ചം വച്ചു. തന്‍റെ തലക്കെട്ടഴിച്ചു നരച്ചമുടിയിഴകളെ തണുത്ത കാറ്റുകൊള്ളാന്‍ അനുവദിക്കുമ്പോലെ അയാള്‍ ഒരു പാറപ്പുറത്ത്‌ കയറിയിരുന്നു. മടിയില്‍ നിന്നും മുറുക്കാന്‍ പൊതിയഴിച്ചു കുറച്ചു പുകയില വായിലിട്ടു കൊണ്ടു പറഞ്ഞു:

മഹാ.. അങ്ങിനെ ഞമ്മള് മരുത്താമല കയ്യറാന്‍ തൊടങ്ങാട്ടോ..

അവന്‍ ചിരിച്ചപ്പോള്‍ അയാള്‍ ചോദിച്ചു: മഹന് താഹിക്കിണ് ണ്ടോ..?

അവന്‍ ഇല്ലെന്നു തലയാട്ടിയപ്പോള്‍ അയാള്‍ തുടര്‍ന്നു:

കൊയപ്പം ല്യ.. മോളില് ചോലണ്ട്.. അയില് എളനീര് ബെള്ളം ണ്ട്..

കുറച്ചു കഴിഞ്ഞതിനു ശേഷം അയാള്‍ തൊട്ടടുത്ത കാട്ടിനുള്ളിലേക്കു കയറിപ്പോയി ചില ചെടികളുമായി തിരിച്ചു വന്നു. അതൊന്നും ഇതുവരെയും അവന്‍ കണ്ടിട്ടില്ലാത്ത ചെടികള്‍ തന്നെയായിരുന്നു.

പക്ഷെ താന്‍ അന്വേഷിക്കുന്ന ഇരുളിന്‍റെ ലക്ഷണങ്ങള്‍ ഒന്നും അവയില്‍ കാണാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അയാള്‍ അതില്‍ നിന്നും ഒരു ചെടി അവന്‍റെ കൈയില്‍ കൊടുത്തിട്ടു പറഞ്ഞു: 

മഹാ.. എടക്ക് ഇതിന്റെ ഓരെ എല തിന്നാ സീണം ണ്ടാവുല്ല്യ.. പയിപ്പും ണ്ടാവൂല്ല്യ.. തിന്നോക്ക്.. 

അയാള്‍ അതില്‍ നിന്നും രണ്ടിലകള്‍ ചവച്ചു തിന്നു. പിന്നെ മറ്റേതോ ചെടിയില്‍ നിന്നും കുറെ ഇലകള്‍ പറിച്ചെടുത്ത് തന്‍റെ കൈയില്‍ ഇട്ടു നല്ലവണ്ണം തിരുമ്മി അവന്‍റെ കാലുകളില്‍ തേച്ചുപിടിപ്പിച്ചു. പിന്നെ കുറെ സ്വന്തം കാലുകളിലും തേച്ചു പിടിപ്പിച്ചു.

ഒന്നും മനസ്സിലാകാതെ നില്‍ക്കുന്ന അവനോടു പറഞ്ഞു:

ഇതിന്റെ ബാസന തട്ട്യാല് അട്ടേം തേളും കടിക്കില്ല. പാമ്പ് അടുത്തേക്ക്‌ ബരില്ല..

അവന്‍ ആ ഇലകള്‍ വെറുതെ മണത്തു നോക്കി.

വയമ്പ്‌ പോലെ തോന്നിപ്പിക്കുന്ന ഒരു ചെറുകിഴങ്ങുള്ള അതിന്‍റെ ഇലകള്‍ക്ക് അതിരൂക്ഷമായ ഒരു ഗന്ധം തന്നെയുണ്ടായിരുന്നു.

അടുത്ത ചെടിയില്‍ നിന്നും കുറച്ചു ഇലകള്‍ വായിലിട്ടു അരച്ചു. ആ ഇലകള്‍ക്ക് സാമാന്യം മധുരവും ഒരു തണുത്ത സുഗന്ധവും ഉണ്ടായിരുന്നു.

അപ്പോഴേക്കും മൂപ്പന്‍ മല കയറാന്‍ തയ്യാറായി എഴുന്നേറ്റു വന്നു. കല്ലുകള്‍ക്കും വള്ളിപ്പടര്‍പ്പുകള്‍ക്കും ഇടയിലൂടെ വളരെ ശ്രദ്ധിച്ചുകൊണ്ട് അവര്‍ മല കയറാന്‍ തുടങ്ങി.

കുറെ കയറും പിന്നെ കുറച്ചുനേരം നില്‍ക്കും. ഇടക്ക് താഴ്വാരത്തിലേക്ക് തിരിഞ്ഞു നോക്കും. അങ്ങിനെയൊക്കെയായിരുന്നു അവരുടെ യാത്ര.

കുത്തനെയുള്ള കയറ്റങ്ങള്‍ ഒഴിവാക്കി ചെടികള്‍ പടര്‍ന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും മേല്‍പ്പോട്ടു പോകുന്ന ചെറിയൊരു വഴിയിലൂടെ യാതൊരു ബുദ്ധിമുട്ടുകളും പ്രകടിപ്പിക്കാതെയുള്ള മൂപ്പന്‍റെ കുതിപ്പു കണ്ട് അവന്‍ അത്ഭുതപ്പെട്ടു.

പിന്നെ അവനും ഓര്‍ത്തു.

ഒരുപാടു നേരമായി തങ്ങള്‍ ഈ മലകയറാന്‍ തുടങ്ങിയിട്ട്. പറയത്തക്ക ക്ഷീണമോ പ്രയാസമോ ഒന്നും അനുഭവപ്പെടുന്നില്ല. അതിനുള്ള കാരണം കൈയിലുള്ള ആ ചെടിയുടെ ഇലകള്‍ തന്നെയാണെന്ന് അവനും ബോദ്ധ്യപ്പെട്ടു കഴിഞ്ഞു.

സാമാന്യം നീണ്ടു പോയ ഒരു കയറ്റത്തിനു ശേഷം മൂപ്പന്‍ തിരിഞ്ഞു നിന്ന് കൈ നെറ്റിയില്‍ വച്ചു താഴ്വരയിലേക്ക് നോക്കി. വളരെ താഴെയാണ് മലയാടിവാരം കിടക്കുന്നതെന്ന് അവനും മനസ്സിലായി.

സൂര്യന്‍ അപ്പോള്‍ തലക്കു മുകളില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.

അപ്പോള്‍ അവന്‍ മുന്നിലേക്ക് നോക്കി.

എന്തൊരത്ഭുതം!

മല മാഞ്ഞു പോയിരിക്കുന്നു.

ഇപ്പോള്‍ മുന്നില്‍ അങ്ങിനെയൊരു മലയൊന്നും ഇല്ല.

കറുത്ത, വെളുത്ത പഞ്ഞിക്കെട്ടുകള്‍ പരന്നു കിടക്കുന്ന ആകാശം മാത്രമാണ് മുന്നില്‍ കാണപ്പെടുന്നത്.

ആ കാഴ്ച്ച കണ്ട നിമിഷം അവന്‍റെ സപ്തനാഡികളും ഒരു മാത്രയെങ്കിലും തളര്‍ന്നു പോയി. അത്രമാത്രം മനസ്സിനെ ത്രസിപ്പിക്കുന്ന ഒരു കാഴ്ച്ചയാണവനെ ആ പകല്‍ കാണിച്ചു കൊടുക്കുന്നത്..

അവന്‍ മരുത്വാമലയുടെ നെറുകില്‍ ചവുട്ടി നില്‍ക്കുന്നു!

മൂപ്പനും നാലുപാടും നോക്കി അവനെ ശരിവച്ചു ചിരിച്ചു:

മഹനേ.. അങ്ങിനെ ഞമ്മള് മരത്താമലയിലെത്തീര്ക്കുണ്..

ഒരു മൈതാനം പോലെ തോന്നിച്ച മലയുടെ ഉച്ചിയില്‍ നിന്നും അവന്‍ ആ നട്ടുച്ചയ്ക്കും കോരിത്തരിച്ചു.

ഇരുള്‍ .. ഇരുള്‍ എന്നുമാത്രം അവന്‍റെ ഹൃദയം അപ്പോള്‍ തുടിക്കാനും തുടങ്ങി.

മൂപ്പന്‍ പറഞ്ഞു:

ഇഞ്ഞി.. ബേഗം മരുന്ന് തിരയണം.. പിന്നെ അയാള്‍ മറ്റൊരു ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചു: അവിടെ ഒരു ചോലയുണ്ട്.. വേണ്ടപ്പോ ബള്ളം കുടിക്കാം..

എന്നാ മഹന്‍ ബാ..

കൊച്ചു പാറക്കെട്ടുകളും കൊച്ചുമരങ്ങളും നിറഞ്ഞ പച്ചപിടിച്ച ഒരു കുറ്റിക്കാടായിരുന്നു അവിടം.

അവന്‍ ഓരോയിടവും സൂക്ഷിച്ചു നോക്കി നടന്നു. അവിടെ പലതരം ചെടികള്‍ കാണുന്നുണ്ട്.

ചിലതൊക്കെ അവനറിയാവുന്ന കാട്ടുമരുന്നുകള്‍ തന്നെയാണ്. ചിലതൊന്നും അവന്‍ ഇതുവരെയും കാണാത്ത ചില ചെടികള്‍ . എന്നാല്‍ അതിന്‍റെയൊക്കെ പേരുകള്‍ മൂപ്പന്‍ വിളിച്ചു പറയുന്നുണ്ട്. പോരെങ്കില്‍ അതിനൊന്നും വിഷഹാരിവൈദ്യന്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഒന്നും കാണാനുമില്ല.

പാറപ്പൊത്തുകള്‍ , മലഞ്ചെരിവുകള്‍ , മരങ്ങളുടെ ചുവടുകള്‍ , ചോലയുടെ തീരങ്ങള്‍ തുടങ്ങിയ എല്ലായിടത്തും അവര്‍ അരിച്ചു പെറുക്കി നടന്നു.

സൂര്യന്‍ വീണ്ടും വീണ്ടും ചരിഞ്ഞു. അത് മെല്ലെ താഴ്വാരത്തിലേക്ക് താഴാന്‍ തുടങ്ങി.

ഇനി നോക്കാന്‍ വേറെ ഇടങ്ങള്‍ വല്ലതും ഉണ്ടോയെന്നു ചോദിച്ചപ്പോള്‍ മൂപ്പന്‍ നിരാശയോടെ കൈമലര്‍ത്തി. പിന്നെ അവനെ വിളിച്ചു കൊണ്ട് മുന്നോട്ടു നടന്നു.

മലയുടെ വടക്കേ അറ്റത്ത് കുത്തനെയുള്ള ഒരു പാറയുടെ ചുവട്ടില്‍ അയാള്‍ അവനെ എത്തിച്ചു. ഒരു വലിയ പാറപ്പൊത്തു ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു;

ഇബടെയാണ്‌ ആ മുനി താമശിച്ചിരുന്നത്, ഇബടെം നോക്കാം..

അവര്‍ ആ പാറപ്പൊത്തിലും കയറി നോക്കി. അതിനുള്ളില്‍ ചെടികളൊന്നും ഇല്ല. മിനുസമുള്ള വെറും പാറ മാത്രം.

അപ്പോള്‍ മൂപ്പന്‍ ആകാശത്തേക്ക് നോക്കി. ആകാശത്തല്ല, അങ്ങ് താഴ്വരയിലായിരുന്നു സൂര്യന്‍. അയാള്‍ കണ്ണുകള്‍ ചുരുക്കി വീണ്ടും നാലുപാടും നോക്കി. അയാള്‍ പറഞ്ഞു:

മഹനേ.. ഇപ്പോള്‍ മലയിറങ്ങിയില്ലെങ്കി ഇന്ന് പോകാം പറ്റൂല.. ഹെന്താ ശെയ്യാ..?

അവന്‍ തളര്‍ന്നു പോയിരുന്നു. 

അവനൊന്നും മറുപടി പറയാന്‍ കഴിഞ്ഞില്ല. അവന്‍ സങ്കടം സഹിക്കാനാവാതെ മൂപ്പന്‍റെ കൈയില്‍ പിടിച്ചു.

അവന്‍റെ കണ്ണില്‍ നിന്നും അവനറിയാതെ കണ്ണുനീര്‍ ഒഴുകി മൂപ്പന്റെ കൈകളെയും നനച്ചു. അയാള്‍ അവന്‍റെ പുറത്തു തടവി. എന്തെങ്കിലും പറഞ്ഞു ആശ്വസിപ്പിക്കാനൊന്നും മൂപ്പന് അറിയില്ലായിരുന്നു.

തളര്‍ന്നവശനായി അവന്‍ ആ പാറപ്പുറത്ത്‌ കുന്തിച്ചിരുന്നു. മൂപ്പനും അവന്‍റെ അടുത്തിരുന്നു.

അവര്‍ അങ്ങിനെ ഇരിക്കുമ്പോള്‍ താഴ്വരയില്‍ സൂര്യന്‍ അസ്തമിക്കുകയും മലമുകളില്‍ മഞ്ഞും ഇരുട്ടും പരക്കുകയും ചെയ്തു.




(തുടരും)


15 അഭിപ്രായ(ങ്ങള്‍) :

Cv Thankappan പറഞ്ഞു... 10/13/2013
അങ്ങനെ മണി മരുത്വാമലയില്‍ എത്തിച്ചേര്‍ന്നു......
ആദ്യം മല എന്നുള്ളത് മാല എന്നായിട്ടുണ്ട് മാഷെ.
ആശംസകള്‍
സന്തോഷം..വായനക്കും അഭിപ്രായത്തിനും.അക്ഷരത്തെറ്റ് തിരുത്തുകയും ചെയ്തു.
Pradeep Kumar പറഞ്ഞു... 10/13/2013
വായന തുടരുന്നു......
വരവിനും വായനക്കും നന്ദി.
ajith പറഞ്ഞു... 10/13/2013
മലമുകളില്‍ എത്തിയല്ലോ
തുടരട്ടെ അന്വേഷണം

ഈ ചിത്രങ്ങള്‍ ആരാണ് ചെയ്യുന്നത്?
സന്ദര്‍ശനത്തിന് വളരെ നന്ദി.. പിന്നെ, ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും മോഷ്ടിച്ച് ഫോട്ടോഷോപ്പില്‍ വച്ച് കൂട്ടിച്ചേര്‍ക്കുകയാണ്.
വീകെ പറഞ്ഞു... 10/13/2013
അങ്ങനെ മരുത്വാമലയിൽ എത്തിപ്പെട്ടല്ലൊ...!
അന്വേഷിപ്പിൻ കണ്ടെത്തും എന്നല്ലെ...?
തീര്‍ച്ചയായും.. സന്ദര്‍ശനത്തിന് നന്ദി.
P V Ariel പറഞ്ഞു... 10/14/2013
vaayichu, thudaratte ee yaathra
adutha bhaagam vegam poratte!!!
വളരെ സന്തോഷം, ഈ വരവിനും അഭിപ്രായത്തിനും..
Anu Raj പറഞ്ഞു... 10/15/2013
എനിക്കുറപ്പുണ്ട്...നേരം ഇരുട്ടിവെളുക്കുമ്പോഴേക്കും അവന് അത് കണ്ടെത്തിയിരിക്കും.....
15,16 ,17 ഒറ്റയടീക്ക് വായിച്ചു... മലയിലെത്തിയല്ലോ.. ലക്ഷ്യം പൂർത്തിയാക്കുമെന്ന് തന്നെ കരുതി അടുത്ത ഭാഗത്തിനായി കാക്കുന്നു.. ആശംസകൾ
മഹനേ.. ഇപ്പോള്‍ മലയിറങ്ങിയില്ലെങ്കി ഇന്ന് പോകാം പറ്റൂല.. ഹെന്താ ശെയ്യാ..?

അവന്‍ തളര്‍ന്നു പോയിരുന്നു...... Paavam thanne.
മണിക്ക് തുണയായിട്ടു ഉണ്ടാവനെ ദൈവമേ
എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply