മണിമുത്ത് - 11



കള്ളനും പോലീസും കളി  




അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്‍റെ കലിയാണ് കാണുന്നത്. തന്‍റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയും കള്ളനെ പിടികൂടിയിട്ടുണ്ട്.

ഒരു കാര്യമുണ്ടടോ..

തട്ടാന്‍ കള്ളന്‍റെ കട്ടിലില്‍ ഇരുന്നതിനുശേഷം അനുനയത്തില്‍ പറയാന്‍ തുടങ്ങി:

പാവം.. ഈ ചെക്കന് ഒരു മരുന്നിനെക്കുറിച്ച് അറിയണം. നീ കാട്ടിലും മലയിലും ഒക്കെ വളര്‍ന്നവനല്ലേ.. നിനക്കറിയാമായിരിക്കും എന്നു വിചാരിച്ചാണ് ഞാന്‍ ഇവനെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നത്.

കാട്.. മല.. താനൊന്നു മിണ്ടാതിരിക്കടോ.. എന്ത് ആപത്തും കൊണ്ടാണാവോ താനിപ്പോള്‍ വന്നിരിക്കുന്നത്..?

ഇത് ആപത്തൊന്നും അല്ലടോ.. ഈ പാവം ചെക്കനെ കണ്ടില്ലെ..? തട്ടാന്‍ മണിയുടെ നേരെ തല തിരിച്ചു: 

ഇവന് ഒരു മരുന്നിനെക്കുറിച്ച് അറിയണം.. അത്രേയുള്ളൂ.. ആ മരുന്ന് ഉള്ള മല നിനക്കറിയാതിരിക്കില്ല.. അല്ലാന്ന് , അത് നിനക്കറിയും..


ഏന്ത് മല.. ഏതു മല.. എന്താക്ക്യാടോ താന്‍ പറയുന്നത്..? പെരുങ്കള്ളന് ഒരെത്തും പിടിയും കിട്ടുന്നില്ല.

ആ മല.. എടോ ആ മല താനറിയൂന്ന്..  അതിന് നിന്‍റെ പേരു തന്നെയാടോ..!


താനെന്താടോ പറയണത്.. ഹോ..?

കാലിലെ വേദനകൊണ്ടായിരിക്കണം കള്ളന്‍ അതിലിടക്കൊന്ന് പുളയുകയും ചെയ്തു.

മരുത്വാനെന്നാടോ ആ മലയുടേയും പേര്.. നിന്‍റെ പേരില് ഇങ്ങിനെയൊരു മലയുണ്ടെന്നൊക്കെ ഞാനും ഇപ്പോഴല്ലേ അറിയുന്നത്..!

തട്ടാന്‍ ഒരു വളിച്ച ചിരിയോടെ തുടര്‍ന്നു:


ആ മലയിലുള്ള ഇരുളെന്ന മരുന്നാണെടോ ഇവനു വേണ്ടത്..

താന്‍ കടന്നു പോണുണ്ടോ.. ഹല്ലാ പിന്നെ..  കള്ളന്‍ തട്ടാനെ ഒരാട്ടാട്ടി. കാലുകൊണ്ട് വയ്യാഞ്ഞിട്ടാ.. അല്ലെങ്കില്‍ ഞാന്‍ ..  

അയാള്‍ വേദന സഹിക്കാനാവാതെ കാല്‍ തടവുകയും ചെയ്തു. 


ഒരു നിമിഷത്തേക്കെങ്കിലും തട്ടാന്‍ അന്തംവിട്ടു പോയിട്ടുണ്ടാകും. 


ഇടക്കൊരിക്കല്‍ കള്ളന്‍ തന്‍റെ അമര്‍ഷമെല്ലാം കടിച്ചുഞെരിച്ചു കൊണ്ട് മണിയുടെ നേരെ തിരിഞ്ഞു: 

എന്ത് കാണാനാടാ നോക്കി നിക്കണത്..?

മണി പരുങ്ങി തട്ടാനെ നോക്കി. പക്ഷെ, തട്ടാന് പെട്ടെന്ന്  മുത്തിന്റെ ഓര്‍മ്മ വന്നു:

എടോ നമുക്കു ലാഭമുള്ള ഒരു കേസാണിത്.. തട്ടാന്‍ ഒന്നുകൂടി കള്ളന്‍റെ അടുത്തേക്ക്‌ നീങ്ങിനിന്നു. എടോ ഇവന്‍ നമുക്കെന്തെങ്കിലും തരും..

ഇവനോ..? ഈ നത്തോ..! ഇവന്‍ രണ്ടുമ്മ തരും..

തട്ടാന്‍ നിരാശയോടെ അവനെ നോക്കി. അവനു മനസ്സിലായി, തട്ടാന്‍ പറ്റിക്കുകയൊന്നും അല്ല. അയാള്‍ ആത്മാര്‍ഥമായി പരിശ്രമിക്കുകയാണ്. പക്ഷെ, ഫലിക്കുന്നില്ലെന്നു മാത്രം.

ഒരു രക്ഷയും ഇല്ലെന്നായപ്പോള്‍  തട്ടാന്‍ സങ്കടത്തോടെ കള്ളന്‍റെ ചെവിയില്‍ ഒരു രഹസ്യം പറഞ്ഞു:

എടോ.. ഇവന്‍റെ കയ്യില്‍ ഒരു മുത്തുണ്ട്.. അത് നമുക്കു തരും..

മുത്തോ..? ഇവന്‍റെ കയ്യിലോ? കള്ളന് ഒരിക്കലും അതു വിശ്വസിക്കുവാന്‍ കഴിയുമായിരുന്നില്ല. അയാളുടെ കണ്ണുകള്‍ അവന്റെ നേരെ തുറിച്ചു.

എന്താടോ.. ഞാന്‍ പറഞ്ഞാല്‍ താന്‍ വിശ്വസിക്കൂലെ..? 

തട്ടാന്‍റെ വാക്കുകള്‍ക്കപ്പോള്‍ ഒരു പ്രത്യേക ഈണം വന്നു: ദേ.. ഇവന്‍ എന്‍റെ ബന്ധുവാടോ.. ഇതു തട്ടാനാ പറയുന്നത്.. ഇവന്‍റെ കൈയില്‍ മുത്തുണ്ട്.

വീണ്ടും അതു കേട്ടപ്പോള്‍ കള്ളന്‍റെ കണ്ണുകള്‍ ഒന്നു തിളങ്ങുകയും ചെയ്തു.

എവിടെ..? 

കള്ളന്‍ ഗൌരവത്തില്‍ അവന്‍റെ നേരെ തിരിഞ്ഞു: നേരാണോടാ..? എവിടെ.. മുത്തെടുക്ക്.. കാണട്ടെ..?

അവന്‍ വെറുതെ തട്ടാനെ നോക്കി. കള്ളനു മുത്ത് കാണിച്ചു കൊടുക്കുന്നതിനേക്കാള്‍ ഭേദം സ്വന്തം തലകൊടുക്കുന്നതു തന്നെയാണെന്നറിയാന്‍ തട്ടാന്‍റെ സഹായമൊന്നും വേണ്ട. എങ്കിലും അവന്‍ അയാള്‍ എന്താണ് പറയുന്നതറിയാന്‍ കാത്തു നിന്നു.

ഹേയ്..

അപ്പോഴേക്കും ഒരു വെപ്രാളത്തോടെ തട്ടാന്‍ ചാടിയെഴുന്നേറ്റുകൊണ്ട് അവരുടെ ഇടയില്‍ വീണു. ആ മുത്ത് കള്ളന്‍റെ കൈയില്‍ പെട്ടാല്‍ പിന്നെ തനിക്കതിന്‍റെ പൊടി പോലും കാണാന്‍ കഴിയില്ലെന്നു തട്ടാനും അറിയാമായിരുന്നു. അതുകൊണ്ട് അയാള്‍ തിടുക്കത്തില്‍ പറഞ്ഞു:

മുത്ത് ഞാന്‍ വാങ്ങി വീട്ടില്‍ വച്ചിരിക്കുകയാണ്.

എങ്കില്‍ എടുത്തു കൊണ്ടുവാ..

കള്ളന്‍റെ മുമ്പിലുണ്ടോ തട്ടാന്‍റെ അടവുകള്‍ വല്ലതും വിലപ്പോവുന്നു. പക്ഷെ, തട്ടാനും വിട്ടു കൊടുത്തില്ല. അവന്‍റെ നേരെനോക്കി കണ്ണിറുക്കിക്കൊണ്ട് അയാള്‍ പറഞ്ഞു:

ഡാ.. ഞാന്‍ നിന്‍റെ മുത്ത് എടുത്തു കൊണ്ട് വേഗം വരാം.. അതുവരെ നീയിവിടെ ഇരിക്ക്.. എങ്ങിനെയെങ്കിലും നമുക്ക് ആ മരുന്നു കണ്ടുപിടിക്കണ്ടേ..?

തട്ടാന്‍ നേരെ വീട്ടിലേക്കോടി.

തട്ടാന്‍റെ സൂത്രം അവനു മനസ്സിലായി. വില കുറഞ്ഞ വല്ല മുത്തുമായി വന്നു കള്ളനെ പറ്റിക്കാനുള്ള പരിപാടിയാണ്. ഇനി സംശയിച്ചു നില്‍ക്കാനൊന്നും സമയമില്ല. അവന്‍ വാതില്‍ തുറന്ന് തട്ടാന്‍ പോയ വഴിയിലേക്ക് നോക്കി. തട്ടാന്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ സമയം കളയാന്‍ നില്‍ക്കാതെ മടിയില്‍ നിന്നും തന്റെ മുത്തെടുത്ത് അവന്‍ പെരുങ്കള്ളനെ കാണിച്ചു:

കണ്ടോ.. ഇതാണ് ആ മുത്ത്.. അതെന്‍റെ കയ്യിലുണ്ട്. തട്ടാന്‍ നിങ്ങളെ പറ്റിക്കാന്‍ വേറെ ഏതെങ്കിലും മുത്തെടുക്കാനായി പോയതായിരിക്കും.

ഹേ..! ദേഷ്യം കൊണ്ട് കള്ളന്‍റെ കണ്ണുകള്‍ ഭയാനകമായി ചുവന്നു:

എന്ത്..? നീ പറയുന്നത് സത്യാണോടാ..? 

പിന്നല്ലാതെ.. ഇതാണ് ശരിക്കുള്ള മുത്ത്.. 

മണിക്കുറപ്പുണ്ട്, ആ കാലുമായി ഒരു കസര്‍ത്തും കാണിക്കാന്‍ തല്‍ക്കാലം അയാളെക്കൊണ്ടാവില്ല. അതുകൊണ്ടു തന്നെ അവന്റെ ചുണ്ടിലൊരു ചിരിയും തെളിഞ്ഞു.


അവന്‍ ആ മുത്ത് വിരലുകള്‍ക്കിടയില്‍ പിടിച്ച് ഉരുട്ടി: ഇത് തന്നെയാണ് മുത്ത്..

അതു ശരി.. 

കള്ളന്‍ പല്ലിറുമ്മി. കള്ളന്‍റെ ചുണ്ടില്‍ ഒരു കരിമ്പുലി മുരണ്ടു: തിരിച്ചു വരട്ടെ.. കാണിച്ചു കൊടുക്കാം ഞാന്‍ .. എങ്കിലും ഒരു നിസ്സഹായതയും ഇപ്പോള്‍ അയാളുടെ മുഖത്തുണ്ട്: 


നിയ്യാ മുത്തു കൊണ്ടുവാ.. ഞാന്‍ നോക്കട്ടെ..

അവന്‍ അതു പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് കള്ളനോടെപ്പോഴും കയ്യെത്താത്ത അകലം പാലിച്ചു കൊണ്ടിരുന്നു. അവന്‍ പറഞ്ഞു: 

മരുത്വാമലയെക്കുറിച്ചും ഇരുള്‍ എന്ന മരുന്നിനെക്കുറിച്ചും പറഞ്ഞു തന്നാല്‍ മുത്ത് തരാം. എന്നിട്ടു തട്ടാന്‍ വരുന്നതിനു മുമ്പേ ഞാന്‍ പൊക്കോളാം.

അവന്‍റെ ബുദ്ധി കള്ളന് ഇഷ്ടപ്പെട്ടിട്ടൊക്കെയുണ്ട്. കള്ളന്‍റെ കണ്ണില്‍ നിറയെ ഇപ്പോള്‍ അവന്‍റെ മുത്താണ്. എങ്കിലും കള്ളനായതുകൊണ്ടായിരിക്കും ഗൌരവം ഒട്ടും വിടുന്നില്ല.

ഇരുളും വെളിച്ചവും ഒന്നും എനിക്കറിയില്ല. മരുത്വാമലയെന്നൊരു മലയുണ്ട്. അതു പറഞ്ഞു തരാം.. നീയാ മുത്തെടുക്ക്..

മലയെവിടെയെന്നു പറയാതെ മുത്തു തരില്ല.. അവനും വിട്ടു കൊടുത്തില്ല.

ഊം.. കള്ളന്‍ അടക്കിവക്കാന്‍ കഴിയാത്ത തന്‍റെ നിസ്സയായത മുഴുവന്‍ പ്രകടിപ്പിച്ചുകൊണ്ട് നീട്ടിയൊന്നു മൂളി :

നീ തട്ടാന്റെ ആരാന്നാ പറഞ്ഞത്?


ഞാന്‍ തട്ടാന്റെ ആരുമല്ല. അത് തട്ടാന്‍ വെറുതെ പറഞ്ഞതാണ്. ഞാന്‍ ഒരു മരുന്നിനെക്കുറിച്ചറിയാന്‍ വേണ്ടി തട്ടാനെക്കാണാന്‍ വന്നതാ.. എനിക്ക് മരുന്നിനെക്കുറിച്ച് അറിഞ്ഞാല്‍ മാത്രം മതി. മുത്ത് തരാം.


ഊം.. കള്ളന് അവനില്‍ ഒരു വിശ്വാസമൊക്കെ വന്ന മട്ടുണ്ട്. പോരെങ്കില്‍ അയാളുടെ കണ്ണില്‍ ആ മുത്ത് അത്രക്കും തിളങ്ങുന്നുണ്ട്.  

എന്നാ കേട്ടോടാ.. അയാള്‍ പറയാന്‍ തുടങ്ങി: 

ഈ പട്ടണത്തീന്നു നേരെ കിഴക്കൊട്ടൊരു വഴിയുണ്ട്.. അതിലൂടെ അമ്പതു നാഴിക പോയാല്‍ നല്ലൂരെന്നൊരു നാട്ടിലെത്തും. നല്ലൂരില്‍ നിന്നും വടക്കോട്ടു കുറെ പോയാല്‍ കല്ലൂരെന്നൊരു ഊരിലെത്തും.. കല്ലൂരില്‍ നിന്നും പിന്നെയും തെക്കോട്ടുപോയാല്‍ പല്ലൂരെത്തും. ആ പല്ലൂരില്‍ ശോലമൂപ്പന്‍ എന്നൊരാളുണ്ട്. മരുത്വാന്‍ പറഞ്ഞയച്ചതാണെന്നു പറഞ്ഞാല്‍ മതി. ആ മൂപ്പന്‍ നിന്നെ മരുത്വാമലയിലെത്തിക്കും. നിനക്കു വേണ്ട മരുന്നും കാണിച്ചു തരും.

എന്താ മനസ്സിലായില്ലേ..? കള്ളന്‍ ചോദിച്ചു: അവന്‍ തലകുലുക്കിയപ്പോള്‍ അയാള്‍ തുടര്‍ന്നു : ആ ശോലമൂപ്പന് കൊടുക്കാന്‍ കൊറച്ചു പൊകലയും വാങ്ങി പൊയ്ക്കോ..

എന്തുകൊണ്ടെന്നറിയില്ല, അല്‍പ്പം കരുണയോടെ അവനെ നോക്കി. പറഞ്ഞതെല്ലാം അയാള്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു: 

നല്ലൂര്.. കല്ലൂര്.. പിന്നെ പല്ലൂര്.. അവിടെ ശോലമൂപ്പന്‍ .. ഒന്നും മറക്കണ്ടാ..

അവന്‍ ആ പേരുകളെല്ലാം മനസ്സില്‍ കുറിച്ചിട്ടു.

എന്താടാ.. എല്ലാം മനസ്സിലായില്ലേ..? 

അപ്പോഴേക്കും കള്ളന്‍റെ കണ്ണുകളിലെ കരുണ വീണ്ടും വറ്റാന്‍ തുടങ്ങി.

മനസ്സിലായെന്ന് അവന്‍ തലകുലുക്കി.

എന്നാല്‍ മുത്തു തന്ന് തട്ടാന്‍ വരുന്നതിനു മുമ്പെ നീ വേഗം പോയ്ക്കോ..

അവന്‍ മറുപടിയൊന്നും പറയാതെ എഴുന്നേറ്റു. ഉടന്‍ കള്ളനും കട്ടിലില്‍ നിന്നും കുതിച്ചെഴുന്നേറ്റു. 

(തുടരും)



18 അഭിപ്രായ(ങ്ങള്‍) :

Pradeep Kumar പറഞ്ഞു... 9/01/2013
വായന തുടരുന്നു....
പ്രദീപ്‌ കുമാര്‍ ,
ആദ്യവായനക്ക് നന്ദി. :)
നല്ലൂര്.. കല്ലൂര്.. പിന്നെ പല്ലൂര്.. അവിടെ ശോലമൂപ്പന്‍ .. ഒന്നും മറക്കണ്ടാ..
Muthu ormmikkumennu karuthaam.
വായനക്ക് നന്ദി..മണിക്ക് ഒരേയൊരു ചിന്തമാത്രം.. മരുത്വാമല..
ajith പറഞ്ഞു... 9/01/2013
നോവല്‍ വളരെ രസകരമായി മുന്നേറുന്നുണ്ട്
ഇപ്പോള്‍ ഡാഷ് ബോര്‍ഡില്‍ കണ്ടാല്‍ ആദ്യം തുറക്കുന്നത് ഈ ബ്ലോഗ് ആണ്!
അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനത്തിനും വളരെ നന്ദി.
ആകാംക്ഷയോടെ കാത്തിരിക്കുന്നു.,ഒരു കുഞ്ഞെന്ന പോലെ...നന്ദി
വായനക്കും നല്ല വാക്കുകള്‍ക്കും തിരിച്ചും നന്ദി.
Cv Thankappan പറഞ്ഞു... 9/01/2013
മണിമുത്തങ്ങ്നെ വിട്ടുകൊടുക്കാന്‍ പറ്റ്വോ?!!
ആകാംക്ഷാഭരിതം!!!
ആശംസകള്‍ മാഷെ
ഒരിക്കലും പറ്റില്ല.. രസിക്കുന്നുണ്ടെന്നറിയുന്നതില്‍ സന്തോഷം.അഭിപ്രായങ്ങള്‍ക്ക് നന്ദി. :)
Mohammed nisar Kv പറഞ്ഞു... 9/04/2013
മുഹമ്മദ്‌ ഇക്കാ...വായിച്ചിട്ടില്ല....രണ്ടു ദിവസത്തിനുള്ളില്‍ വായിച്ചിട്ട് കമന്റിടും.............

..ഇന്ശാ അല്ലാഹ്
മണിയുടെ കൂടെ യാത്ര ചെയ്തു ചെയ്തു എത്ര വർഷമാ പിറകോട്ടു പോയത് ബാല്യം ഒരു മുത്ത്‌ തന്നെ ഈ കഥ പോലെ
സന്തോഷം..വീണ്ടും വരിക..
മണിയുടെ കൂടെ ഞാനും പോകുന്നു മരുത്വ മലയിലേക്കു ,നല്ല കഥ മാഷെ
ഒപ്പം കൂടിയതിന് വളരെ നന്ദി..
ഞാനും കൂടുന്നു കല്ലൂരു വഴി മരുത്വമലയിലേക്ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply