മണിമുത്ത് - 7


കള്ളന്മാരുടെ കൂടെ 




ണി ഞെട്ടിയുണര്‍ന്നു.

എന്തോ മുഖത്തു വന്നു വീണതായി അവനു തോന്നി.

തപ്പിനോക്കിയപ്പോള്‍ കൈയില്‍ തടഞ്ഞത് പഴത്തൊലിയാണെന്നറിയാതെ അവന്‍ അതു തട്ടിക്കളഞ്ഞു.

അപ്പോഴാണ്‌ ചില സംസാരങ്ങള്‍ ഒക്കെ കേള്‍ക്കുന്നത്.അവന്‍ അനക്കമൊന്നും ഇല്ലാതെ എഴുന്നേറ്റിരുന്നു കണ്ണുകള്‍ തിരുമ്മി ചെടികള്‍ക്കിടയിലൂടെ പാളിനോക്കി.

ആല്‍ത്തറയിലെ പന്തങ്ങളുടെ വെളിച്ചം അവന്‍ കണ്ടു.

ആ പന്തങ്ങള്‍ക്ക് ചുറ്റുമായി ഒത്ത കരിമ്പന കണക്കെ വട്ടംകൂടിയിരിക്കുന്ന നാല് തടിമാടന്മാരേയും കണ്ടു. അവരെല്ലാവരും ചേര്‍ന്ന് ഗംഭീര തീറ്റയും കുടിയുമാണ്. കണ്ടാല്‍ത്തന്നെയറിയാം വലിയ കള്ളന്മാരാണെന്ന്.

അപ്പോള്‍ അവന്‍ ഇന്നലെ തന്നെ ഉപദേശിച്ച വയസ്സനെ നന്ദിയോടെ സ്മരിച്ചു.

അവന്‍ അവരുടെ സംസാരമെല്ലാം കേട്ടുകൊണ്ടിരുന്നു.

അവനു മനസ്സിലായി, പെരുങ്കള്ളന്മാര്‍ നാളെ നടത്തേണ്ട കവര്‍ച്ച ആസൂത്രണം ചെയ്യുകയാണ്. ഇപ്പോള്‍ ആ സംസാരമെല്ലാം അവനും വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നുണ്ട്.

അഞ്ചുമണി കഴിഞ്ഞേ പോകാവൂ.. അവിടെ ആര്‍ക്കും സംശയമൊന്നും തോന്നാത്ത വിധത്തില്‍ ചുറ്റിപ്പറ്റി നിന്നുകൊള്ളണം. കുറച്ചു കഴിയുമ്പോഴേക്കും ഞങ്ങള്‍ വരും.. എന്നൊക്കെ ഒരുവന്‍ മറ്റൊരുവനെ ഉപദേശിക്കുന്നുണ്ട്.

ഒരു കൊമ്പന്‍ മീശ ഇളകുമ്പോഴാണ് ആ കരുകരുത്ത ശബ്ദം പുറത്തുവരുന്നത്. അത്രയും വലിയൊരു മീശ അവന്‍ ഇതുവരെ ആര്‍ക്കും കണ്ടിട്ടില്ല. കള്ളന്മാരുടെ തലവനെ തിരിച്ചറിയുക ഇത്രയെളുപ്പമാണെന്ന് അവനിപ്പോഴാണ് മനസ്സിലാകുന്നത്.

അവരുടെ സംസാരം മുഴുവന്‍ അവനും കേട്ടു. തങ്ങളുടെ മൂക്കിനു താഴെ ഇങ്ങിനെയൊരാള്‍ എല്ലാം കേട്ടുകൊണ്ടിരിക്കുന്നുണ്ടെന്നൊന്നും പാവങ്ങള്‍ക്ക്‌ അറിയില്ലല്ലോ.

അങ്ങിനെ നേരം പുലരാറായി. ചില കിളികളൊക്കെ ചിലക്കാന്‍ തുടങ്ങി. ആലിന്‍ ചില്ലകള്‍ക്കിടയിലൂടെ നക്ഷത്രങ്ങളില്ലാത്ത ആകാശം തെളിയാന്‍ തുടങ്ങിയപ്പോള്‍ അവര്‍ എഴുന്നേറ്റു. പന്തങ്ങള്‍ എല്ലാം അണച്ചു ആലിന്‍റെ പൊത്തില്‍ തിരുകി.

ഏതു വഴിയാണ് പോകേണ്ടത് എന്ന ഒരാളുടെ ചോദ്യത്തിന് തലവന്‍ പറയുന്നുണ്ട്:

കിഴക്കോട്ടുള്ള വഴിതന്നെ മതി.. പട്ടണത്തിലേക്കുള്ള എളുപ്പവഴി അതാണ്‌ ...

അവര്‍ നടന്നു കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ മണിയും എഴുന്നേറ്റു.

പട്ടണത്തിലേക്കുള്ള എളുപ്പവഴി കാടു പിടിച്ച നിലയിലായിരുന്നു.

വളരെ സൂക്ഷിച്ചാണ് അവന്‍ ഓരോ ചുവടും വച്ചത്.

ഇടുങ്ങിയ കാട്ടുപാതയില്‍ മൂടല്‍ മഞ്ഞിലൂടെ നിശ്ശബ്മായി അവന്‍ അവരെ പിന്തുടര്‍ന്നു.

ചില വളവുകളില്‍ കള്ളന്മാരുടെ നിഴല്‍ വളരെ അടുത്തുണ്ടാകും. അവരും ഇടക്കിടക്ക് തിരിഞ്ഞും മറിഞ്ഞും നോക്കുന്നുണ്ട്.

അവന്‍ അപ്പപ്പോള്‍ കാണുന്ന മരങ്ങള്‍ക്കും ചെടികള്‍ക്കും പിറകില്‍ ഒളിക്കുന്നുണ്ട്.

ശരിക്കും അവനത് ഒരു ഒളിച്ചുകളി തന്നെയായിരുന്നു.

ഉച്ചയായപ്പോഴേക്കും അവര്‍ പട്ടണാതൃത്തിയില്‍ പ്രവേശിച്ചു. വീണ്ടും കുറെ നടന്നു.

വഴിയില്‍ ആള്‍ സഞ്ചാരം ഒക്കെ കണ്ടു തുടങ്ങി.

ഇപ്പോള്‍ കള്ളന്മാര്‍ക്ക് അവനെ തിരിച്ചറിയാനൊന്നും കഴിയില്ല. അവനാണെങ്കില്‍ അവരെ എളുപ്പം കാണാനും കഴിയും.

കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ നിന്നു.

ഒരാള്‍ അടുത്തുകണ്ട ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിലേക്ക് കയറിപ്പോയി. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ആ കെട്ടിടത്തില്‍ നിന്നും ഒരു സന്യാസി ഇറങ്ങി വന്നു.

സൂക്ഷിച്ചു നോക്കിയപ്പോള്‍ മണിക്ക് കാര്യം മനസ്സിലായി. അത് വേഷം മാറിയ കള്ളന്‍ തന്നെയാണ്!

കുറച്ചു കൂടി നടന്നു കാണും. പിന്നെ നാലുപേരും നാലുവഴിക്കു പിരിഞ്ഞു പോയി.

അവന്‍  കള്ള സന്യാസിയുടെ പിറകെത്തന്നെ കൂടി.

അപ്പോഴേക്കും പട്ടണത്തില്‍ ഒന്നുകൂടി തിരക്കു പിടിച്ചു.

ചില കടകള്‍ ഒക്കെ തുറന്നു. ചിലയിടങ്ങളില്‍ പച്ചക്കറിയും പഴങ്ങളും നിരത്തിത്തുടങ്ങി. ഒന്ന് രണ്ടു ചായക്കടയിലിരുന്ന് ആളുകള്‍ നാട്ടുവര്‍ത്തമാനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

സന്യാസി പട്ടണം ചുറ്റിക്കൊണ്ടിരുന്നു.

അയാളുടെ പിന്നില്‍ അവനും നടന്നു.

അതിലിടക്ക് ഒരു ചായക്കടയില്‍ കയറി അയാള്‍ എന്തൊക്കെയോ വാങ്ങിക്കഴിച്ചു. ആ തക്കം നോക്കി അവനും സഞ്ചിയില്‍ നിന്നും അല്‍പ്പം അവിലും രണ്ടുപഴവും അകത്താക്കി.

സന്യാസി വീണ്ടും നടന്നുതുടങ്ങി. പിന്നെ ഒന്നുരണ്ടു കടയില്‍ കയറി എന്തൊക്കെയോ വാങ്ങി തന്‍റെ മാറാപ്പില്‍ നിക്ഷേപിക്കുകയും ചെയ്തു. അങ്ങിനെ ഉച്ചയോടടുത്തപ്പോള്‍ അയാള്‍ ഒരു ബംഗ്ലാവിന്‍റെ മുന്നില്‍ തന്‍റെ നടത്തം അവസാനിപ്പിച്ചു.

അയാള്‍ ചുറ്റുപാടും ഒന്നു കണ്ണോടിച്ചശേഷം ആ ബംഗ്ലാവിലേക്ക് കയറിപ്പോയി.

ആ ബംഗ്ലാവിനു ചുറ്റും വളരെ ഉയരമുള്ള കന്മതിലുണ്ടായിരുന്നു. അതുകൊണ്ട് ഉള്ളില്‍ നടക്കുന്നതൊന്നും അറിയാന്‍ യാതൊരു വഴിയും ഉണ്ടായിരുന്നില്ല.

സന്യാസി തിരിച്ചു വരുന്നത് നോക്കി അവന്‍ സുരക്ഷിതമായ ഒരിടത്തു മറഞ്ഞിരുന്നു.

കുറെക്കഴിഞ്ഞപ്പോള്‍ സന്യാസി പുറത്തു വന്നു.

സന്തോഷം കൊണ്ടെന്നവണ്ണം അയാളുടെ മുഖത്ത് നിഗൂഡമായ ഒരു ചിരിയുണ്ടായിരുന്നു. കാര്യമായിട്ടെന്തോ നേടിയ മട്ടുണ്ടായിരുന്നു അപ്പോള്‍ അയാളുടെ കരിമുഖത്തെ ആ ചിരിയില്‍ .

നടുവഴിയില്‍ നിന്നുകൊണ്ട് നീട്ടിയൊരു ചൂളം വിളിയോടെ അയാള്‍ ആകാശത്തേക്ക് നോക്കി നേരവും കാലവും കണക്കാക്കി.

പിന്നെ അയാള്‍ ധൃതിയില്‍ എങ്ങോട്ടോ നടന്നു പോയി.

ഇപ്പോള്‍ ഏതാണ്ടൊക്കെ മണിക്കറിയാം.

ഇന്ന് അവര്‍ കവര്‍ച്ചചെയ്യുവാന്‍ ഉദ്ദേശിക്കുന്ന വീട് ഇതുതന്നെയായിരിക്കണം. രാത്രിയാണ് ആ കവര്‍ച്ച ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനു മുന്നോടിയായി അവിടെ എന്തോ കുതന്ത്രം ഒപ്പിച്ചിട്ടാണ് അയാള്‍ പോയിരിക്കുന്നത്.

ഇനി കള്ളസന്യാസിയെ പിന്തുടര്‍ന്നിട്ടു കാര്യമൊന്നുമില്ല. തനിക്ക് മനസ്സിലായ കാര്യങ്ങള്‍ ഈ വീട്ടുകാരെ അറിയിക്കണം.

എങ്ങിനെയെങ്കിലും കള്ളന്മാരില്‍ നിന്നും  ഇവരെ രക്ഷിക്കണം.

അവന്‍ ആ ബംഗ്ലാവിന്‍റെ മുന്നില്‍ ആലോചനയോടെ കുറച്ചുനേരം നിന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും അതിനുള്ളില്‍ നിന്നും മറ്റാരും പുറത്തു വന്നുമില്ല. ഒടുവില്‍ അല്‍പ്പം സംശയത്തോടെ അവന്‍ അതിനകത്തേക്ക് പ്രവേശിച്ചു.

പിന്നെ ഒരു സങ്കോചത്തോടെ ആ ഉമ്മറത്തേക്ക് കയറിച്ചെന്നു.

ഇവിടെ ആരും ല്ല്യെ..?

അകത്തുനിന്നും ആളനക്കം കേള്‍ക്കാന്‍ അവന്‌ രണ്ടുമൂന്നു പ്രാവശ്യം വിളിച്ചു ചോദിക്കേണ്ടി വന്നു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ അവന്‍റെ വല്യുമ്മയോളം തന്നെ പ്രായമുള്ള ഒരമ്മ പുറത്തുവന്നു. അവനെ കണ്ടപ്പോള്‍ അവര്‍ ചോദിച്ചു:

ഏതാ കുട്ടി..?‍ എന്തുവേണം നിനക്ക്..?

കുറച്ചു വെള്ളം വേണം..

അവന്‌ നല്ല വിശപ്പും ദാഹവുമുണ്ടായിരുന്നു. തന്‍റെ സഞ്ചി താഴെ വച്ചു അവന്‍ ആ ഉമ്മറത്തിരുന്നു.

അവര്‍ ഒരു കോപ്പ നിറയെ സംഭാരം കൊണ്ടുവന്നു. അവന്‍ ആര്‍ത്തിയോടെ അതുമുഴുവന്‍ കുടിച്ചു. അവന്‍റെ രൂപവും ഭാവവും കണ്ടപ്പോള്‍ അവര്‍ക്ക് സങ്കടം തോന്നിയിരിക്കണം.

അവര്‍ ചോദിച്ചു:

കുട്ടി കുറെ ദൂരം താണ്ടി വരുന്നപോലെയുണ്ടല്ലോ.. എന്താ ഭക്ഷണം വല്ലതും വേണോ?

അവന്‍ വെയില്‍ കൊണ്ടുകൊണ്ട് വാടിയ ഒരു ചിരിയോടെ അവരോട് ചോദിച്ചു:

ഭക്ഷണം ഒക്കെ എന്‍റെ കയ്യിലുണ്ട്. അത് ഇവിടെയിരുന്നു കഴിച്ചോട്ടെ..? 

അതിനെന്താ വിരോധം..? അവര്‍ ഉമ്മറത്തെ ചിത്രത്തൂണ് ചാരിനിന്നു.

അവര്‍ അങ്ങിനെ നോക്കി നില്‍ക്കെ അവന്‍ സഞ്ചി തുറന്നു അവിലും പഴവും എടുത്തു തിന്നാന്‍ തുടങ്ങി.

എന്നാല്‍ അത് കണ്ടയുടന്‍ അവര്‍ അവന്‍റെ അടുത്തുവന്നു അവനെ തടഞ്ഞു കൊണ്ട് ചോദിച്ചു:

നിര്‍ത്തു.. ഇതൊക്കെയാണോ ഈ നേരത്ത് കഴിക്കുന്നത്‌....?

എനിക്ക് ഇതൊക്കെ മതി.. അവന്‍ പറഞ്ഞു.

എന്നു പറഞ്ഞാല്‍ എങ്ങിനെയാ.. നില്‍ക്കൂ ഞാനിപ്പോള്‍ വരാം..

അവര്‍ പെട്ടെന്ന് അകത്തേക്ക് പോയി. ഞൊടിയിടയില്‍ കുറെ ചോറും കറികളും ആയി തിരിച്ചു വരികയും ചെയ്തു. അവയെല്ലാം അവന്‍റെ മുമ്പില്‍ നിരത്തി.

അവന്‌ നല്ല വിശപ്പുണ്ടായിരുന്നു. അതിലേറെ ജാള്യതയും. എന്നാല്‍ ആ ഭക്ഷണം നിരസിച്ചു കളയാന്‍മാത്രം എന്തുകൊണ്ടോ അവനായില്ല. 

അതുകഴിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‌ പെട്ടെന്ന് ഉമ്മയെയും പാത്തുവിനെയും ഓര്‍മ്മവന്നു.

അപ്പോള്‍ നിറഞ്ഞു കവിഞ്ഞ കണ്ണുകള്‍ ആ അമ്മ കാണാതിരിക്കാന്‍ ഇടതുകൈ കൊണ്ട് തുടച്ച ശേഷം അവന്‍ വേഗം ഭക്ഷണം കഴിക്കാന്‍ തുടങ്ങി.

എന്നാല്‍ അതെല്ലാം ആ അമ്മയും കാണുന്നുണ്ടായിരുന്നു.

എന്തിനാ ഇത്ര ധൃതി പിടിക്കുന്നത്‌..? 


കുട്ടി മെല്ലെ കഴിച്ചാല്‍ മതി എന്നു പറഞ്ഞു അവര്‍ അവന്‍റെ അടുത്തു വന്നിരുന്നു. 




( തുടരും ) 




13 അഭിപ്രായ(ങ്ങള്‍) :

Cv Thankappan പറഞ്ഞു... 8/04/2013
നന്നായിട്ടുണ്ട് മാഷെ.
ഇനിയൊരു പുതിയ പാതയിലൂടെ അല്ലെ മാഷെ....
ആശംസകളോടെ
പിന്നീട് വായിക്കും. ആശംസകൾ!
ajith പറഞ്ഞു... 8/04/2013
വായിച്ച് വായിച്ച് വയസ്സെത്ര കുറഞ്ഞെന്നോ!!
(കള്ളന്മാരെ പാവങ്ങള്‍ എന്ന് പറഞ്ഞത് ഈ കുട്ടിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ലാട്ടോ!!)
Pradeep Kumar പറഞ്ഞു... 8/04/2013
വായിച്ചു കൊണ്ടിരിക്കുന്നു. നല്ല രീതിയില്‍ പുരോഗമിക്കുന്നു
കൂടുതൽ വായിക്കാൻ കൊതിയാകുന്നു
:d സി.വി.തങ്കപ്പന്‍
:) ഇ.എ.സജിം തട്ടത്തുമല
(h) അജിത്ത്
:)) പ്രദീപ്‌ കുമാര്‍
(h) ഭാനു കളരിക്കല്‍
വരവിനും വായനക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.. cheer
നന്നായിട്ടുണ്ട് മാഷേ ,തുടര്‍ന്നും വായിക്കാം.
നന്മയുടെ ജീവനുള്ള കഥ, സ്നേഹമുള്ള കഥ ,മികവോടെ തെളിമയോടെ , ആകാംക്ഷയോടെ
Ivide oru Kunjikkoonan (bala novel by Narendranath) touch. Best wishes.
(h) ഉദയപ്രഭന്‍
(h) അഷ്‌റഫ്‌ സല്‍വ
(h) ഡോക്ടര്‍ പി മാലങ്കോട്
വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.ഈദ്‌ ആശംസകളോടെ cheer
വീ കെ പറഞ്ഞു... 8/08/2013
കഥ ആകാംക്ഷഭരിതമായി മുന്നേറുന്നു..
വളരെ നന്നാവുന്നുണ്ട്.
പെരുന്നാൾ ആശംസകൾ...
:>) വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.പെരുന്നാള്‍ ആശസകള്‍ cheer
Salam പറഞ്ഞു... 8/11/2013
അവതരണം വളരെ നന്നാവുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply