മണിമുത്ത് - 3


നന്മയുടെ വിത്ത്‌





പ്രഭാതം.

കലീബ യാത്ര പറയുകയാണ്. 


എല്ലാവരും നോക്കി നില്‍ക്കുമ്പോള്‍ കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ വലതുകൈപ്പടം പരത്തിപ്പിടിച്ച് അയാള്‍ ആ അറബനയില്‍ മുട്ടിപ്പാടാന്‍ തുടങ്ങി.

യാ.. നെബി സലാം അലൈക്കും..
യാ റസൂല്‍ സലാം അലൈക്കും..
യാ ഹബീബ് സലാം അലൈക്കും..
സലാവാത്തുള്ളാ അലൈക്കും..

നിലാവുദിച്ചപോലെ മുറ്റത്ത് പ്രഭാതം തെളിഞ്ഞു തുടങ്ങുകയായിരുന്നു.

കലീബയുടെ  ശബ്ദത്തില്‍ അപ്പോള്‍ ക്ഷീണവും വാര്‍ദ്ധക്യവും ഒന്നുമില്ല.


കലീബ എല്ലാം മറന്നു പാടുകയാണ്. അറബനയുടെ പിച്ചളച്ചിലമ്പുകളില്‍ നിന്നും ഒരു പ്രകാശം അയാളുടെ കണ്ണുകളില്‍ തട്ടി പ്രതിഫലിക്കുന്നുണ്ട്.


പാട്ട് കഴിഞ്ഞപ്പോഴേക്കും അയാളുടെ മുഖത്തെ വെള്ളിക്കമ്പികളില്‍ നിന്നും ചില  വിയര്‍പ്പുതുള്ളികള്‍ ഈറ്റുവീണു. തന്റെ ഭാണ്ഡത്തില്‍ നിന്നും ഒരു തുണിയെടുത്ത് കലീബ മുഖം തുടച്ചു. അതിനു ശേഷം അവരെ നോക്കി.

തന്‍റെ പാട്ടില്‍ ലയിച്ചു പരിസരം പോലും മറന്നു നില്‍ക്കുകയാണ് ഒരുമ്മയും രണ്ടു മക്കളും. കുറച്ചു സമയം അയാള്‍ എന്തോ ആലോചിച്ചു കൊണ്ടിരുന്നു. ഒടുവില്‍ അയാള്‍ ഭാണ്ഡം അഴിച്ചു. അതില്‍ എന്തോ തിരഞ്ഞു. അതിലിടക്ക് പറഞ്ഞു കൊണ്ടിരുന്നു:

അല്ലാഹു നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ. നിങ്ങള്‍ക്ക് നല്‍കാനായി ഈ പാവം കലീബയുടെ പക്കല്‍ ഒന്നും തന്നെയില്ല. ഈ ഭാണ്ഡം കണ്ടില്ലേ..? വയസ്സനായ ഒരു ഫക്കീറിന്റെ മനസ്സാണിത്. ഭൌതികമായ സമ്പത്തുകള്‍ ഒന്നുമില്ലാത്ത വെറുമൊരു കാലിത്തുണി.

അയാള്‍ തന്റെ മാറാപ്പ് അവര്‍ക്കു മുന്നില്‍ തുറന്നു വച്ചു.

ശരിയാണ്. അതില്‍ അത്ഭുതവസ്തുക്കള്‍ ഒന്നും തന്നെയില്ല. പഴകിയ കുറെ വസ്ത്രങ്ങള്‍ . രണ്ടു മൂന്നു മുസാഅബുകള്‍ . പിന്നെ ദസ് വികള്‍ മുസ്വാക്കുകള്‍ 

അങ്ങിനെ ചിലതെല്ലാം  മാത്രമാണ് അതിലുണ്ടായിരുന്നത്.

മോന്‍ ഇവിടെ വരൂ..

പിന്നെ കലീബ മണിയെ അടുത്തേക്കു വിളിച്ചു:


ഉപ്പുപ്പാന്‍റെ ഓര്‍മ്മക്കായി നിനക്കു തരാന്‍ ഇത് മാത്രമേയുള്ളൂ..: ഇപ്പോള്‍ അയാളെന്തോ കയ്യില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.


കൈ നീട്ടി ബിസ്മിയോടെ നീ ഇത് വാങ്ങു..

അയാള്‍ അവന്‍റെ നീട്ടിയ കൈകളില്‍ എന്തോ വച്ചു കൊടുത്തു. അവന്‍ ആകാംക്ഷയോടെ കൈ തുറന്നു നോക്കി.

ഒരു അത്തിപ്പഴത്തിന്‍റെ കുരു..!


അവന്‍ കലീബയുടെ മുഖത്തേക്കു നോക്കി നിന്നു. അവനൊന്നും തന്നെ മനസ്സിലാകുന്നില്ല. അപ്പോള്‍ കലീബ പറയാന്‍ തുടങ്ങി:

മോനെ.. നന്മയുടെ വിത്താണിത്.. 

ഇത് നീ ഈ മുറ്റത്ത് കുഴിച്ചിടണം. രണ്ടു നേരവും വെള്ളം ഒഴിച്ചു സംരക്ഷിക്കണം. 


ഇത് മുളച്ചു വളര്‍ന്നു വലുതാകുമ്പോള്‍ അതില്‍ അത്തിപ്പഴങ്ങളുണ്ടാകും. ആ പഴങ്ങള്‍ തിന്നാന്‍ ഇവിടെ ധാരാളം പക്ഷികള്‍ വരും. അങ്ങിനെ വരുന്നവയുടെ കൂട്ടത്തില്‍ അഞ്ചുനേരം നിസ്കരിക്കുന്ന ഒരു തത്തയും ഉണ്ടാകും. അതിനെ കണ്ടെത്തണം. ആ തത്തയുടെ തൂവലില്‍ നിന്നും വളരെ വിശേഷപ്പെട്ട ഒരു സമ്മാനം നിനക്കു ലഭിക്കും..


ഉപ്പാപ്പ ഇറങ്ങുന്നു.. അസ്സലാമു അലൈയ്ക്കും.

അയാള്‍ എഴുന്നേറ്റു വടി കുത്തിപ്പിടിച്ചു നിന്ന് എല്ലാവരെയും നോക്കി ഒരിക്കല്‍കൂടി പുഞ്ചിരിച്ചു. പിന്നെ മാറാപ്പ് തോളിലിട്ട് ഇറങ്ങി നടന്നു. പ്രഭാതം വിരിഞ്ഞു വരുന്ന വഴിയില്‍ ആ രൂപം ഒരു നിഴലായി അപ്രത്യക്ഷനായി.

കലീബ മറഞ്ഞു പോയ ആ വഴിയിലേക്ക് അവരെല്ലാം ഏറെ നേരം നോക്കി നിന്നു. ഒരു സ്വപ്നം കണ്ടതായിട്ടാണ് അവര്‍ക്കപ്പോള്‍ തോന്നിയത്. ആ ഉമ്മയുടെ കണ്ണുകള്‍  എന്തൊക്കെയോ പ്രതീക്ഷിച്ചെന്നവണ്ണം വിദൂരതയില്‍ ഉടക്കി. ഒടുവില്‍ അവര്‍ മക്കളെ പിടിച്ചു തഴുകി.

അദ്ദേഹം വിശുദ്ധനാണ്. നമ്മുടെ ഭാഗ്യമായിരിക്കാം അദ്ദേഹത്തെ ഇവിടെ എത്തിച്ചത്. എല്ലാം അല്ലാഹുവിന്‍റെ അനുഗ്രഹം തന്നെ..

ഉമ്മയുടെ വാക്കുകള്‍ ഇടറിയിരുന്നു. കണ്ണുകള്‍ നിറയുകയും ചെയ്തു.

മണി ആ കുരു മുറ്റത്തിന്‍റെ ഒരു കോണില്‍ കുഴിച്ചിട്ടു.

എന്നും അതിനു വെള്ളം ഒഴിച്ചു.

ഒരു ദിവസം അതു മുളച്ചു രണ്ടിലകളില്‍ വിരിഞ്ഞു അവനെ നോക്കിച്ചിരിച്ചു. 

പിന്നെ നാലിലകളില്‍ തളിര്‍ത്തു കൊണ്ട് അവനെ കൈമാടി വിളിച്ചു.


പിന്നേയും വളര്‍ന്നു വലുതായി അവനൊപ്പം തോളുരുമ്മി നില്‍ക്കാന്‍ തുടങ്ങി. 


അതെല്ലാം കണ്ടുകൊണ്ടാണ് കാലം കടന്നു പൊയ്ക്കൊണ്ടിരുന്നത്.

അവന്‍ ഇപ്പോള്‍ ദൂരെയുള്ള ഒരു ഓത്തുപള്ളിയില്‍ പോകുന്നുണ്ട്. വെളുത്ത ചെകിടിമണ്ണ് തേച്ചുപിടിപ്പിച്ച ഓത്തുപലകയില്‍ മൊല്ലാക്കയെഴുതിക്കൊടുക്കുന്ന ഖുറാന്‍ സൂക്തങ്ങള്‍ ഈണത്തില്‍ വായിച്ചു മനഃപാഠമാക്കുന്നുണ്ട്.

മറ്റു സമയങ്ങളില്‍ ഉമ്മക്കൊപ്പം കുറുപ്പിന്റെ കളരിയിലേക്കു പോകുന്നതും അവനിഷ്ടമുള്ള കാര്യമായിരുന്നു. 

ഉമ്മ മരുന്നുകള്‍ ഇടിക്കുന്നതും പൊടിക്കുന്നതും കാണുമ്പോള്‍ സങ്കടം തോന്നുമെങ്കിലും  അവിടുത്തെ കളരിയുടെ വാതില്‍ക്കല്‍ പോയി അകത്തേക്കു നോക്കി നില്‍ക്കുമ്പോള്‍ അവന്‍ എല്ലാം മറക്കും.


വിശാലമായ ആ കളരിവളപ്പില്‍ മറ്റെല്ലായിടത്തും അവനു ചുറ്റിക്കറങ്ങാന്‍ പറ്റും. എന്നാല്‍ ആ കളരിക്കുള്ളിലേക്ക് മാത്രം അവനു പ്രവേശനം ഇല്ല.


അവന്‍റെ സമപ്രായക്കാരും ചില കൂട്ടുകാരും ഒക്കെ കളരിയിലെ പഞ്ചാരമണലില്‍ തായും റായും എഴുതിപ്പഠിക്കുന്നതു നോക്കി നില്‍ക്കുമ്പോള്‍ നേരം പറപറക്കുന്നതൊന്നും അവനറിയില്ല. അതെല്ലാം കണ്ടുകണ്ടാണ്  അവന്‍ ചില അക്ഷരങ്ങള്‍ ഒക്കെ എഴുതാനും വായിക്കാനും പഠിച്ചത്. 


അങ്ങിനെയാണ് ആനയെപ്പോലെ തോന്നിക്കുന്ന ആയും അരിവാള്‍ പോലെ തോന്നിക്കുന്ന വായും ഒക്കെ തൂക്കാരക്കുന്നിലുള്ള അവന്‍റെ പാറക്കൊട്ടാരത്തിന്‍റെ ചുമരുകള്‍ക്ക് അലങ്കാരമായിത്തീര്‍ന്നത്.

ഓത്തുപള്ളി വിട്ടുവന്നാലാണ് മിക്കവാറും ആടുകളേയും കൊണ്ട് അവന്‍ കാടുകള്‍ തേടി കുന്നുകള്‍ കയറുന്നത്. അപ്പോഴാണവന്‍ കാടിന്‍റ രാജകുമാരനായി മാറുന്നത്. അങ്ങിനെയാണ് തൂക്കാരക്കുന്നിലെ പാറക്കൂട്ടങ്ങള്‍ അവന്റെ കൊട്ടാരങ്ങളായിത്തീര്‍ന്നത്. അങ്ങിനെയങ്ങിനെ മരങ്ങളും ചെടികളും മന്ത്രിയും പരിവാരങ്ങളും ഒക്കെയായി മാറുകയും ചെയ്തു.

അതിനിടക്ക് യുദ്ധങ്ങളും മുറക്ക് നടന്നു.

ഋതുക്കളാണ് അവനോട് യുദ്ധത്തിനു വന്നത് ! 

പക്ഷെ, അവരെല്ലാം അവനോട് ഏറ്റുമുട്ടി തോറ്റു തൊപ്പിയിട്ടു പിന്‍വാങ്ങുകയും ചെയ്തു.

ഇതിനിടെ ആ അത്തിമരം അവനേക്കാള്‍ ഏറെ മുതിര്‍ന്നു. അടുത്ത വസന്തത്തില്‍ അത് ആദ്യമായി പൂക്കുകയും നിറയെ കായ്കളുമായി അവനെ നോക്കി ചിരിക്കുകയും ചെയ്തു. 

ഇളം കാറ്റില്‍  ചെറുചില്ലകളില്‍ ചാഞ്ചാടുമ്പോള്‍ ആ മരം മക്കളേ മക്കളേ എന്നു വിളിക്കാനും തുടങ്ങി. 

ഒടുവില്‍ വേനലിനൊപ്പം അതില്‍ ആരേയും കൊതിപ്പിക്കുന്ന അത്തിപ്പഴങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

എന്തു നല്ല രുചിയും മധുരവുമുള്ള പഴങ്ങള്‍ .

പാത്തുവിനാണത് ഏറെ ഇഷ്ടപ്പെട്ടത്. 

അവള്‍ക്കു വേണ്ടിയാണ് ആ അത്തിമരം മൂത്തു പഴുത്തു നില്‍ക്കുന്നതെന്നു ചിലപ്പോള്‍ തോന്നും. അതിന്റെ ഓരോ ചില്ലകളും പൂത്തുലഞ്ഞത് അവളുടെ മനസ്സിലായിരുന്നു. അതിന്‍റെ പ്രസാദം അവളുടെ മുഖത്തുണ്ടായിരുന്നു.  


അവള്‍ എല്ലായ്പ്പോഴും ആ മരത്തിന്‍റെ ചുവട്ടിലിരുന്നു വര്‍ണ്ണങ്ങളുടെ ലോകത്തെ ദിവാസ്വപ്നം കണ്ടു.


ഒരു നേരമെങ്കിലും അവളെ അതിന്‍റെ ചുവട്ടില്‍ കണ്ടില്ലെങ്കില്‍ വരുന്നവരും പോകുന്നവരും ചോദിക്കാന്‍ തുടങ്ങി: അല്ല.. ആയിസുമ്മാ ഇങ്ങടെ പാത്തു ഇന്നെവിടെപ്പോയി..? 


അയല്‍ക്കാരും വഴിയാത്രക്കാരുമെല്ലാം ആ പഴങ്ങള്‍ വേണ്ടുവോളം പെറുക്കിത്തിന്നു. 


ചിലര്‍ അനുഭവിച്ചറിഞ്ഞ രുചിയുടെ അതിശയത്താല്‍ ആ മരത്തെ പുകഴ്ത്തി നന്ദി പ്രകാശിപ്പിച്ചു.

ഉമ്മ പറയാറുണ്ട്‌: കലീബക്ക് നമ്മള്‍ ചെയ്ത സഹായത്തിന്റെ പ്രതിഫലമാണതെന്ന്. അദ്ദേഹം പറഞ്ഞതു പോലെ നന്മയുടെ വിത്ത്‌ മുളച്ചു വളര്‍ന്നു വലുതായതാണ്. 

ഓത്തുപള്ളിയില്‍ പോയിത്തുടങ്ങിയതു മുതല്‍ എന്നും സന്ധ്യക്ക് ഉമ്മറത്തിരുന്ന് മണി പഠിച്ചതെല്ലാം ഓതും. അപ്പോള്‍ പാത്തുവും അവന്റെ അടുത്ത് വന്നിരിക്കും. 

അങ്ങിനെ അവളും അതില്‍ ചിലതെല്ലാം ഹൃദിസ്ഥമാക്കി. വെറുതെയിരിക്കുമ്പോള്‍ അവളും അതെല്ലാം ചൊല്ലാന്‍ തുടങ്ങി. 


പക്ഷെ, ഉമ്മക്കത് സങ്കടത്തിനു കാരണമായി. അവര്‍ എന്നും നിസ്കാരപ്പായിലിരുന്നു  നിറ കണ്ണുകളോടെ പ്രാര്‍ഥിച്ചു.

മണി എല്ലാം കാണുന്നുണ്ട്.

കിളികള്‍ വരുന്നു. ചിലച്ചുകൊണ്ട് അത്തിമരക്കൊമ്പുകളില്‍ ചാടിച്ചാടി കളിക്കുന്നു. അവ അത്തിപ്പഴങ്ങള്‍ കൊത്തി തിന്നുന്നു. പിന്നെ എങ്ങോട്ടെങ്കിലും പറന്നു പോകുന്നു. 

എന്തെല്ലാം തരത്തിലുള്ള കിളികള്‍ ..! 


കറുത്തവ, വെളുത്തവ, പച്ചക്കിളികള്‍ , മഞ്ഞക്കിളികള്‍ , വാലും തൂവലും നീണ്ടവ.. കാലും കൊക്കും ചുവന്നവ.. കൊറ്റി, എറളാടി, ചെമ്പോത്ത്, പൊന്മ, കുരുവി.. 


അങ്ങിനെ എന്തെല്ലാം ജാതികള്‍ ..

ഒടുവില്‍ വേനല്‍ അവസാനിക്കാറായി. 

അത്തിപ്പഴങ്ങള്‍ ഏതാണ്ട് തീര്‍ന്നു തുടങ്ങിയ കാലത്താണ്, ചില തത്തകളുടെ വരവ്.


മണിയും ആ തത്തകളെ കാത്തിരിക്കുകയായിരുന്നു. 


കലീഫയുടെ വാക്കുകള്‍ അവന്റെയുള്ളില്‍ മാഞ്ഞു പോകാതെ കിടക്കുന്നുണ്ടായിരുന്നു. 



* മുസാഅബ് = ഖുര്‍ആന്‍ 

* ദസ്‌വി = ജപമാല 
* മുസ് വാക്ക് = പല്ല് തേക്കാന്‍ ഉപയോഗിക്കുന്ന കമ്പ് 


(തുടരും)




20 അഭിപ്രായ(ങ്ങള്‍) :

പൈമ പറഞ്ഞു... 7/07/2013
തത്തയെ ഞാനും കാത്തിരിക്കുന്നു ..പാത്തു എടുത്തു പറയേണ്ട ഒരു കഥാപാത്രമാണ് .നല്ല കഥ ..ആദ്യ ഭാഗം ഒക്കെ
അല്പം കൂടി സിമ്പിൾ ആക്കിയാലും കുഴപ്പമില്ല ..
Cv Thankappan പറഞ്ഞു... 7/07/2013
നന്മനിറഞ്ഞ മനസ്സുള്ളവര്‍ക്ക് നല്ലതു വരുത്തട്ടെ!
കാത്തിരുന്നു വായിക്കാന്‍ തോന്നുന്ന ശൈലിയില്‍ത്തന്നെ മാഷിന്‍റെ ബാലനോവല്‍ പുരോഗമിക്കുന്നുണ്ട്.അഭിനന്ദനങ്ങള്‍.
"പ്രാകിപുകഴ്ത്തിക്കൊണ്ട്‌ നന്ദി പ്രകാശിപ്പിച്ചു".എന്നെഴുതിയത് വേണോ മാഷെ.കുശുമ്പുള്ളവരും ഉണ്ടാകും.എന്നാലും.......
ആശംസകളോടെ
ajith പറഞ്ഞു... 7/08/2013
കഥ വലരെ ഉന്നതനിലവാരത്തില്‍ തുടരുന്നു

‘പ്രാകുക’ എന്ന വാക്കിന് കോട്ടയം ഭാഗത്തേയ്ക്കൊക്കെ ശപിക്കുക എന്നാണര്‍ത്ഥം. വേറേ ഏതെങ്കിലും അര്‍ത്ഥം ആ വാക്കിന് ഉപയോഗത്തിലുണ്ടോ എന്നറിയില്ല. എന്തായാലും പ്രാകുകയും പുകഴ്ത്തുകയും വിപരീതപദങ്ങളാണെന്റെ പഠനത്തില്‍.
Madhusudanan Pv പറഞ്ഞു... 7/08/2013

തത്തയുടെ തൂവലിൽനിന്നും വിശേഷപ്പെട്ട സമ്മാനം ലഭിക്കുമാറാകട്ടേ. ആശംസകൾ

പ്രാകലിനെപ്പറ്റിമാത്രം വിയോജിപ്പ്..
നോവല്‍ നന്നാവുന്നുണ്ട്. പുതിയ ലക്കത്തിനായി കാത്തിരിക്കുന്നു. ആശംസകള്‍..
ദസ് വികള്‍ . മുസ്വാക്കുകള്‍ ചില വാക്കുകൾ പ്രയോഗങ്ങൾ മനസ്സിലായില്ല
എന്നാലും കഥ പെരുതിഷ്ട്ടായി
കലീബ പോയതിൽ ഒരു സങ്കടം തോന്നി
തത്തയെ കാത്തിരിക്കുന്നു
പത്തൂനു കാഴ്ച കിട്ടാൻ ആ തത്തയെ പിടിച്ചോണ്ട് വന്നാലും തരക്കേടില്ല ന്നു തോന്നാ.. പക്ഷെ തത്തയുടെ തൂവൽ പുതിയ കാത്തിരിപ്പു ഉണ്ടാക്കുമോ?
നല്ല രസം ഉണ്ട് വായിക്കാൻ ആശംസകൾ
പൈമ ,
സിവി തങ്കപ്പന്‍ ,
അജിത്ത് ,
മധുസൂദനന്‍ പിവി ,
ശ്രീജിത്ത്‌ മൂത്തേടത്ത് ,
ബൈജു മണിയങ്കാല..
വായനക്കും വിലപ്പെട്ട അഭിപ്രായത്തിനും നന്ദി.
വിലയേറിയ അഭിപ്രായത്തെ മാനിച്ചുകൊണ്ട് പ്രാകലിനെ ഒഴിവാക്കുന്നു.
പിന്നെ,അറബി വാക്കുകളുടെഅര്‍ഥം ബ്ലോഗില്‍ കൊടുക്കുന്നു.
തൂവലില്‍ വിശേഷപ്പെട്ട സമ്മാനവുമായി ആ തത്ത വരുമോ... ???

ആകാംഷ തുടരുന്നു...
തുടരട്ടെ...!
സമയംപോലെ ഞാനും കാണും മണിമുത്തുകള്‍ വായിക്കാന്‍ ..
നാവിലിരുന്ന് അലിയുന്ന മധുരം പോലെ ഈ എഴുത്ത്. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.
എന്നോട് ക്ഷമിക്കണം ഞാൻ കട്ട് വായിച്ചു 4 ഭാഗം
പ്രിവ്യു കണ്ടു കഴിഞ്ഞാൽ ഫീഡ് ജിത് വഴി വായനക്കാർക്ക്‌ അത് ലിങ്ക് കിട്ടും എന്ന് അറിയാമായിരിക്കുമല്ലോ അല്ലെ
എന്തായാലും എന്നോട് ക്ഷമിക്കണം
അതോടൊപ്പം ചിത്രങ്ങൾ വളരെ മനോഹരം ആകുന്നുണ്ട് അത് കൂടി പറഞ്ഞു കൊള്ളട്ടെ
കളിയോടം പറഞ്ഞു... 7/11/2013
നല്ല എഴുത്ത് ആശംസകള്‍
ഭാവുകങ്ങള്‍ ,ഇത് വായിക്കുന്ന എല്ലാ മനസ്സിലും എക്കാലവും സൂക്ഷിക്കപ്പെടുന്ന മണിമുത്തുകളാവട്ടെ
ഇതു വായിക്കുന്നവരുടെ മനസ്സിലും നന്മയുടെ വിത്തു വീഴും.
:-) വേണുഗോപാല്‍
:) കൊച്ചുമോള്‍ (കുങ്കുമം)
(h) ഭാനു കളരിക്കല്‍
:>) ബൈജു മണിയങ്കാല
:) കളിയോടം
:) മിനി സിപി
:) ഡോക്ടര്‍ പി മാലങ്കോട്
(h) ശ്രീനാഥന്‍
നന്മയുടെ ജീവനുള്ള കഥ കൂടുതൽ മികവോടെ
നോമ്പ് കഴിഞ്ഞ് വായിക്കാനായി മാറ്റി വെച്ചിരിക്കയായിരുന്നു. നന്നായി ഈ ഭാഗവും മുഹമ്മദ്ക്കാ .. യാ നബീ സലാം അലൈക്കും എന്ന് തിരുത്തണേ.. അടുത്ത ഭാഗം വായിക്കാം
(h) അഷറഫ്‌ സല്‍വ .. വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
(h) ബഷീര്‍ പിബി വെള്ളറക്കാട് ..സൂക്ഷ്മമായ വായനക്ക് നന്ദി.തെറ്റുകള്‍ തിരുത്തുന്നു
aswathi പറഞ്ഞു... 11/01/2013
ആ തത്ത വരുമായിരിക്കും അല്ലേ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply